13 December, 2024 09:34:11 AM


മുതിർന്ന മാധ്യമ പ്രവർത്തകൻ വാസുദേവൻ അന്തിക്കാട്‌ അന്തരിച്ചു



തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്ററുമായ വാസുദേവൻ അന്തിക്കാട്‌ (73) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ മുറ്റിച്ചൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സിപിഐഎം ചൂരക്കോട്‌ തെക്ക്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.

1980 ൽ പത്രാധിപസമിതിയംഗമായി കോഴിക്കോട് സർവീസിൽ പ്രവേശിച്ചു. 2009ൽ സീനിയർ ന്യൂസ്‌ എഡിറ്ററായി തൃശൂരിൽ നിന്ന്‌ വിരമിച്ചു. കോഴിക്കോട്‌, കണ്ണൂർ, കൊച്ചി, കോട്ടയം യൂണിറ്റുകളിൽ ലേഖകനായും ന്യൂസ്‌ എഡിറ്ററായും ജോലി ചെയ്‌തു. പത്രപ്രവർത്തന ഉപരി പരിശീലനത്തിന്റെ ഭാഗമായി കിഴക്കൻ ജർമനി (ജിഡിആർ) സന്ദർശിച്ചു.

കെഎസ്‌വൈഎഫ്‌ തൃശൂർ താലൂക്ക്‌ സെക്രട്ടറി, സിപിഐഎം അന്തിക്കാട്‌ ലോക്കൽ സെക്രട്ടറി, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. റിട്ട അധ്യാപിക ഉഷാദേവിയാണ്‌ ഭാര്യ. മക്കൾ: സന്ദീപ്‌(ഫ്‌ളോറിഡ), സോന(ദുബായ്‌). മരുമക്കൾ: ഇ എം രഞ്‌ജിനി (ഫ്‌ളോറിഡ), വിമൽ ബാലചന്ദ്രൻ(ദുബായ്‌). വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന്‌ അന്തിക്കാടിനടുത്ത്‌ മുറ്റിച്ചൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946