21 April, 2025 01:42:13 PM
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാന്‍: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പ അഞ്ച് ആഴ്ചയോളം ചികിത്സയിലായിരുന്നു. മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. പെസഹ വ്യാഴാഴ്ച മാര്‍പാപ്പ റോമിലെ റെജീന കെയ്‌ലി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.