23 December, 2024 11:43:35 AM


എപ്പിഗാമിയ സഹസ്ഥാപകൻ രോഹൻ മിർചന്ദാനി അന്തരിച്ചു



ന്യൂഡൽഹി : ലഘുഭക്ഷണ ബ്രാൻഡായ എപ്പിഗാമിയയുടെ സഹസ്ഥാപകനായ രോഹൻ മിർചന്ദാനി അന്തരിച്ചു. 41-ാം വയസിൽ ഹൃദയാഘാതം മൂലമാണ് മരണം. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ കാണപ്പെടാറുള്ള എപ്പിഗാമിയ യോഗർട്ട് ബ്രാൻഡിന്റെ സ്ഥാപകരിലൊരാളാണ് രോഹൻ മിർചന്ദാനി.

1982-ൽ അമേരിക്കയിൽ ജനിച്ച രോഹൻ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് അമേരിക്കയിലാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിലുമായിരുന്നു ബിരുദപഠനം.

2013-ൽ ഡ്രംസ് ഫുഡ് ഇന്റർനാഷണലിന്റെ സഹസ്ഥാപകനായി രോഹൻ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. റോഹൻ മിർചന്ദാനി, ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവർ ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് ഇത് ആരംഭിച്ചത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം.

2015-ലാണ് രോഹനും സംഘവും ചേർന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗ്രീക്ക് യോഗട്ട് പരിചയപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട് ആയിരുന്നു ഇത്. പലരുചികളിൽ ലഭ്യമാവുന്ന യോഗർട്ട് ഉത്പന്നങ്ങൾ ജനങ്ങൾക്ക് താൽപര്യമുള്ളതിനാൽ തന്നെ എപ്പിഗാമിയ നഗരങ്ങളിൽ ജനപ്രിയമായി മാറിയത് അതിവേഗത്തിലായിരുന്നു. റോഹൻ മിർചന്ദാനി 2023 ഡിസംബറിൽ എക്‌സിക്യൂട്ടീവ് ചെയർമാനായി മാറി. സഹസ്ഥാപകനായ രാഹുൽ ജെയിൻ സഹസ്ഥാപകനും സി.ഇ.ഒയും ആയി ചുമതലയേറ്റു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K