16 January, 2024 10:26:27 AM
തൃശൂർ മാളയില്‍ കാർ പാറമടയിലേക്ക് മറിഞ്ഞു; സുഹൃത്തുക്കളായ 3 പേർക്ക് ദാരുണാന്ത്യം
തൃശൂർ: മാളയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് സുഹൃത്തുക്കളായ 3 പേർ മരിച്ചു. കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം (51), പുന്നേലി പറമ്പിൽ ജോർജ് (48), പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ (48) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ 40 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാർ പാറമടയിലേക്ക് മറിയുന്നത് കണ്ടത്. ആളൂർ, മാള പൊലീസുകാരും മാള ഫയർഫോഴ്സും സ്ഥലത്തെത്തി. തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല.
രാത്രി 12.30ന് ചാലക്കുടിയിൽ നിന്നെത്തിയ സ്കൂബ ഡൈവിംഗ് ടീം ആണ് തിരച്ചിലിനൊടുവിൽ 50 അടി താഴ്ച്ചയുള്ള കുളത്തിൽ നിന്ന് മൂവരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.