28 December, 2024 03:42:09 PM
എരഞ്ഞിപ്പുഴയിൽ 17കാരൻ മുങ്ങിമരിച്ചു; കാണാതായ 2 കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയിൽ കുട്ടി മുങ്ങിമരിച്ചു. രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു. സിദ്ധിഖിന്റെ മകൻ റിയാസാണ് മരിച്ചത്. രണ്ട് പേർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോട് കൂടി കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. ഇവരിൽ റിയാസ് എന്ന കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു.
17 വയസാണ് റിയാസിന്. യാസീൻ (13), സമദ് (13) എന്നിവർക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തിൽപെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സ്ഥലത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.