27 January, 2025 06:40:17 PM


നിധി കുഴിച്ചെടുക്കാൻ കിണറിലിറങ്ങി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ



കാസർകോട്: നിധി കുഴിച്ചെടുക്കാനെത്തിയ അഞ്ചംഗം സംഘം കാസർകോട് പിടിയിൽ. കാസർകോട് മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരാണ് പിടിയിലായത്. കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിലാണ് ഇവര്‍ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ സമാനമായി കുടുംബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്.

നിധി ലഭിച്ചാൽ എല്ലാവർക്കും ചേർന്ന് ഇത് പങ്കിടാമെന്ന് പറഞ്ഞായിരുന്നു കുഴിക്കാനിറങ്ങിയത്. എന്നാൽ കോട്ടയ്ക്ക് അകത്ത് നിന്ന് കുഴിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. നാട്ടുകാരെ കണ്ടതോടെ കിണറിന് പുറത്ത് നിന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഉള്ളിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുൻപും ഇവർ ഇവിടെയെത്തി നിധി അന്വേഷിച്ചിരുന്നുവെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K