08 January, 2025 02:29:24 PM
മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് മരണം
കണ്ണൂര്‍: മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുമരണം. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായിരുന്നു അപകടം. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ആറ് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
ബീനയുടെ ഭർത്താവ് കെ എം തോമസ്, മകൻ കെ ടി ആൽബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ആൽബിന്റെ വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാൻ കൊച്ചിയിൽ പോയതായിരുന്നു കുടുംബം. തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കാറിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു.
തലശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയ സമയത്ത് ഇരിട്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മട്ടന്നൂര്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ഏറെ പണിപെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.