27 December, 2024 08:21:00 PM


ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി



കണ്ണൂര്‍: ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ കണ്ണൂര്‍ കുന്നാവ് സ്വദേശി പവിത്രന് പിഴയിട്ട് റെയില്‍വേ കോടതി. ആയിരം രൂപയാണ് കോടതി പിഴയിട്ടത്. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആര്‍പിഎഫ് നേരത്തേ ജാമ്യത്തില്‍ വിട്ടിരുന്നു.

ഇക്കഴിഞ്ഞ 23ന് വൈകിട്ട് പുന്നേന്‍പാറയിലാണ് സംഭവം നടന്നത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ പുന്നേപാറയില്‍ എത്തിയപ്പോള്‍ ട്രെയിനിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനായി പവിത്രന്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു. ട്രെയിന്‍ പോകുന്നതുവരെ ട്രാക്കില്‍ കമഴ്ന്ന് കിടക്കുകയും ട്രെയിന്‍ പോയ ശേഷം എഴുന്നേറ്റ് നടന്നു പോകുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഫോണ്‍ ചെയ്ത് ട്രാക്കിലൂടെ വരുമ്പോള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ലെന്നും തൊട്ടുമുന്നില്‍ എത്തിയപ്പോഴാണ് അറിഞ്ഞതെന്നും പവിത്രന്‍ ‌പറഞ്ഞിരുന്നു. ഓടിരക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് ട്രാക്കില്‍ കിടക്കുകയായിരുന്നു. ട്രെയിന്‍ പോയി കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നടക്കുകയായിരുന്നു. വീഡിയോ കണ്ടപ്പോള്‍ ഉള്ളില്‍ ഭയം തോന്നിയെന്നും പവിത്രന്‍ പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K