26 January, 2025 03:25:46 PM


പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം; ദൗത്യസംഘത്തിലെ ആര്‍ആര്‍ടി അംഗത്തിന് പരിക്ക്



കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെ വെച്ചാണ് സംഭവം.

കടുവയുടെ ആക്രമണം ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വലിയ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവ വനംവകുപ്പിന്റെ റഡാറില്‍ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ വനംവകുപ്പ് പറഞ്ഞത്.

എട്ട് അംഗങ്ങളായി തിരിഞ്ഞ് പത്തു ടീമുകളായി കാട്ടില്‍ പോയി തിരഞ്ഞ് കടുവയെ കണ്ടെത്തുക എന്ന ദൗത്യമാണ് ആര്‍ആര്‍ടി സംഘം നടത്തിയത്. ഇതിലൊരു ദൗത്യസംഘത്തിലെ അംഗത്തിനു നേര്‍ക്കാണ് കടുവ ചാടിവീണത്. തിരച്ചിലിനിടെ കടുവയുടെ ആക്രമണത്തില്‍ ജയസൂര്യ എന്ന ദൗത്യസംഘാംഗത്തിന് പരിക്കേറ്റതായി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത് കുമാര്‍ വ്യക്തമാക്കി. കടുവയുടെ ആക്രമണം ഉണ്ടായതായി വനംമന്ത്രി എ കെ ശശീന്ദ്രനും സ്ഥിരീകരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940