18 January, 2025 01:22:00 PM


കണ്ണൂരിൽ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ, ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ കേസ്, പിഴ



പിണറായി: കണ്ണൂര്‍ എരഞ്ഞോളിയില്‍ അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ വഴിമുടക്കിയത് ഡോക്ടറുടെ കാർ.  ഹൃദയാഘാതം നേരിട്ട രോഗി തക്കസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചതിന് പിന്നാലെ ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പിണറായി സ്വദേശിയായ ഡോക്ടർക്ക് പിഴ ശിക്ഷ. മട്ടന്നൂര്‍ – തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ എത്തിയപ്പോഴാണ് രാഹുല്‍ രാജെന്ന ഡോക്ടർ ആംബുലൻസിന് വഴിമുടക്കിയത്. സംഭവത്തിൽ കതിരൂർ പൊലീസാണ് കേസ് എടുത്തത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

പുറത്ത് വന്ന ദൃശ്യങ്ങളിൽ കാറിന്റെ നമ്പർ വ്യക്തമായിരുന്നതിനാൽ പ്രതിയെ പരാതി കിട്ടിയതോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയ മരിച്ചിരുന്നു. ആംബുലൻസ് സൈറൺ കേട്ടിട്ടും വഴിമുടക്കുന്നതിൽ നിന്ന് രാഹുൽ രാജ് പിന്തിരിഞ്ഞിരുന്നില്ല. അരമണിക്കൂറോളം നേരമാണ് ഡോക്ടറുടെ കാർ ആംബുലൻസിന് മാർഗ തടസം സൃഷ്ടിച്ചത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് റുഖിയ മരിച്ചത്. KL 58 AK 3777 എന്ന വാഹനമാണ് ഗതാഗത തടസം സൃഷ്ടിച്ചത്.

വഴിയിലുണ്ടായ സമയ നഷ്ടമാണ് രോഗിയുടെ മരണത്തിന് കാരണമെന്നും പൊലീസിൽ  പരാതി നൽകുമെന്നും ആംബുലൻസ് ഡ്രൈവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മട്ടന്നൂർ സ്വജേശിയായ 61കാരി ഹൃദയാഘാതം നേരിട്ടതിന് പിന്നാലെയാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. രാഹുൽ രാജിൽ നിന്ന് 5000 രൂപയാണ് പിഴയീടാക്കിയത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K