25 January, 2025 09:58:00 AM


കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം 11 മണിക്ക്



കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. രാവിലെ 11 മണിയോടെ മീൻമുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്കാരം. രാധയെ ആക്രമിച്ച നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് രണ്ടു കൂടുകൾ സ്ഥാപിച്ചു. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ദൗത്യത്തിനായി ഇന്ന് സ്ഥലത്തെത്തും.

കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന്‌ മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുൻപ് മയക്ക് വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.


പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയിൽ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K