07 February, 2025 11:34:25 AM
മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; പുനരധിവാസത്തിന് ആദ്യ ഗഡുവായി 750 കോടി രൂപ

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വയനാട് പുനരധിവാസത്തിത്തിന്റെ ഒന്നാം ഘട്ടത്തിനായി ബജറ്റില്‍ 750 രൂപ നീക്കിവെച്ചു. 2025 നെ കേരളം സ്വാഗതം ചെയ്യുന്നത് മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസം പ്രഖ്യാപിച്ചുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ സങ്കടക്കടലിലാക്കിയ അതീതീവ്ര ദുരന്തം മുണ്ടക്കൈ- ചൂരല്‍മലയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. 254 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2007 വീടുകള്‍ തകരുകയും ആയിരക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാവുകയും ചെയ്തു. 1202 കോടിയാണ് ദുരന്തം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക്. പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
2025-26 ലെ കേന്ദ്ര ബജറ്റില്‍ വയനാടിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് പുലര്‍ത്തും എന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.