24 February, 2025 10:03:22 AM


കാട്ടാന ആക്രമണം: ആറളത്ത് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്



കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും ഹർത്താൽ ആചരിക്കുകയാണ്.

വനം മന്ത്രിയുടെ അധ്യക്ഷതയിൽ ആറളത്ത് ഇന്ന് സർവകക്ഷിയോഗം ചേരും. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ട നഷ്ടപരിഹാരം ഇന്ന് കൈമാറുമെന്ന് ജില്ലാ ഭരണകൂടം. ആറളം ഫാമിലെ ആനമതിൽ നിർമാണം വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തണമെന്നും പതിച്ചു നൽകിയിട്ടും ഉപേക്ഷിക്കപ്പെട്ട ഭൂമിയിലെ കാട് തെളിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഇന്നലെ രാവിലെയായിരുന്നു ദമ്പതികൾ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്. ഇവരെ കാണാതായതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ വർഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921