30 January, 2025 07:03:37 PM


സുരക്ഷാ പ്രശ്നം; ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം



പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ആലത്തൂർ സബ് ജയിൽ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മാറ്റം. ഇന്ന് വൈകീട്ട് ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റും. ചെന്താമരയെ മാറ്റുന്നത് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കാണ്. ജയിൽമാറ്റം സംബന്ധിച്ച ഉത്തരവ് അതീവ സുരക്ഷാ ജയിൽ അധികൃതർക്ക് ലഭിച്ചു.

സജിതയുടെ കുടുംബം തനിക്കെതിരെ കൂടോത്രം നടത്തിയെന്ന സംശയമാണ് അരും കൊലയ്ക്ക് കാരണമായതെന്ന് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ കുറ്റസമ്മത മൊഴി. പ്രത്യേക മനോനിലയുള്ള ചെന്താമര സംശയ രോഗത്തിന് അടിമയായിരുന്നു എന്നാണ് കുറ്റസമ്മതം മൊഴിയിൽ നിന്നുതന്നെ വ്യക്തമാകുന്നത്. ഭാര്യയും മകളും സുന്ദരി എന്നത് സംശയരോഗത്തിൽ എത്തിച്ചു. അവർ താനുമായി അകലാൻ കാരണം സജിതയുടെ കുടുംബം തനിക്കെതിരെ കൂടോത്രം ചെയ്തതു കൊണ്ടാണെന്ന് സംശയിച്ചു. പിന്നീട് സജിത കളിയാക്കിയതിൻ്റെ പ്രതികാരമായി കൊലപ്പെടുത്തുകയായിരുന്നു. താൻ ആക്രമിക്കപ്പെടുമോ എന്നൊരു പേടി ചെന്താമരയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആക്രമിക്കാൻ സാധ്യതയുള്ള ആളുകളെ മനസ്സിൽ നിശ്ചയിച്ചു. അവരെ കൊല്ലുക എന്ന ചിന്തയിലേക്ക് എത്തി. അതിന് തക്കം പാർത്തിരുന്നു. സുധാകരനെ ആക്രമിക്കുമ്പോൾ അമ്മ ലക്ഷ്മി ചീത്ത വിളിച്ചത് കൊണ്ടാണ് അവരെയും കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.

ഇയാൾ കാട്ടിൽ നിന്ന് ഇറങ്ങിയത് വിശപ്പ് സഹിക്കാതെയാണെങ്കിലും പിടിയിലാകുമെന്ന് ബോധ്യമുണ്ടായിരുന്നു. ചെന്താമര എന്ന കൊടും കുറ്റവാളിയോടുള്ള പേടി സുധാകരന്റെ മക്കളായ അഖിലക്കും അതുല്യയ്ക്കും വിട്ടുമാറുന്നില്ല. അമ്മ സജിത കൊല്ലപ്പെട്ടിട്ട് അഞ്ചുവർഷമായി. ഇപ്പോഴും വിചാരണ പോലും ആരംഭിച്ചിട്ടില്ല. ഈ കേസും അങ്ങനെ നീട്ടിക്കൊണ്ട് പോകാതെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെച്ച് വിചാരണയ്ക്ക് പ്രത്യേക കോടതി തന്നെ വേണമെന്ന് കുട്ടികൾ ആവശ്യപ്പെടുന്നു. ചെന്താമരയ്ക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. വിശദമായ തെളിവെടുപ്പായിരിക്കും നടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K