20 February, 2025 10:26:53 AM
ബസിന്‍റെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ മദ്യവും പണവും കൈക്കൂലി; ആര്‍ടിഒ പിടിയില്‍

കൊച്ചി: സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങിയ എറണാകുളം ആർടിഒ വിജിലൻസിന്റെ പിടിയിൽ. എറണാകുളം ആർടിഒ ടി.എം ജേർസിനെയാണ് വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ടി.എം ജേർസിന്റെ വീട്ടിൽ നിന്നും നൂറിലേറെ ലിറ്ററിൽ വരുന്ന വിദേശകുപ്പികളാണ് പിടികൂടിയത്. ജേർസനെതിരെ എക്‌സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി.
ജെഴ്‌സന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് റബ്ബര്‍ ബാന്‍ഡ് ഇട്ട് ചുരുട്ടിയ നിലയിലാണ്. 60,000 രൂപയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. കൈക്കൂലി പണം ഉപയോഗിച്ചാണ് ഭൂരിഭാഗം നിക്ഷേപങ്ങളും എന്ന് പ്രാഥമിക വിലയിരുത്തല്‍.
ഫോർട്ട് കൊച്ചി-ചെല്ലാനം റൂട്ടിലെ സ്വകാര്യ ബസിന്റെ താൽക്കാലിക പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് കൺസൾട്ടുമാർ വഴി 5,000 രൂപയും,വിദേശ നിർമിത മദ്യവും ആവശ്യപ്പെട്ടത്. ചെല്ലാനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കൈക്കൂലി വാങ്ങിയ ജെർസനെ ഉച്ചയോടെയായിരുന്നു പൊലീസ് പിടികൂടിയത്.
ബവ്റേജിന്റെ കോർപ്പറേഷൻ ഔട്ട്ലെറ്റിൽ പോലും കിട്ടാത്ത മുന്തിയ ഇനം മദ്യക്കുപ്പികളാണ് ആര്‍ടിഒ ടി.എം. ജെര്‍സന്‍റെ എളമക്കര വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഒരു മദ്യക്കുപ്പിയ്ക്ക് കാൽ ലക്ഷം വരെ വിലവരുന്ന ബ്രാൻഡുകൾ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാം കൈക്കൂലിയായി വാങ്ങികൂട്ടിയതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.