22 February, 2025 04:23:47 PM


മാതാപിതാക്കൾ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്‍റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്



കൊച്ചി: അച്ഛനും അമ്മയും ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ബാലനിധിയിലൂടെ നൽകും. കഴിഞ്ഞ 24 ദിവസമായി ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. രക്ഷിതാക്കളെത്തി കൊണ്ടുപോയില്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ്.

തലയില്‍ ചെറിയ രക്തസ്രാവമുണ്ട്. ഓറല്‍ ആന്റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. ഒരു മാസത്തോളം തീവ്ര പരിചരണം ആവശ്യമാണ്. ജനനസമയത്ത് ഒരു കിലോയിൽ താഴെ മാത്രം തൂക്കം ഉണ്ടായിരുന്ന കുഞ്ഞിന് ഇപ്പോൾ ഒരു കിലോയിൽ അധികം ഭാരം ഉണ്ട്. പൂർണ്ണവളർച്ച എത്താതെ ജനിക്കുന്ന കുട്ടികൾക്ക് ഉണ്ടാവാറുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനില്ല. ജനറൽ ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് ഉള്ളതിനാൽ, കുട്ടിക്ക് മുലപ്പാൽ നൽകാനാകും.

കോട്ടയത്ത് ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വറും രജിതയും പ്രസവത്തിനായി നാട്ടിലേക്ക് പോകവേ അസ്വസ്ഥതകളുണ്ടായതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.മാതാപിതാക്കൾക്ക് താല്പര്യമുണ്ടെങ്കിൽ കുഞ്ഞിനെ കൈമാറും.ഇല്ലെങ്കിൽ നിയമനടപടികളിലൂടെ കുഞ്ഞിനെ ഏറ്റെടുക്കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K