11 March, 2025 03:17:18 PM


പാതിവില തട്ടിപ്പ്: ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ



തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈംബ്രാഞ്ച്, എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നും ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.

കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നത്. മുഖ്യപ്രതിയായ തൊടുപഴ സ്വദേശി അനന്തു കൃഷ്ണനില്‍ നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932