01 March, 2025 11:14:27 AM
ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം- ഹൈക്കോടതി

കൊച്ചി: വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും നിര്‍ദേശം. നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്ന് ജനുവരി 14 ന് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.
എന്നാല്‍ ഹര്‍ജിക്കാരന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നുകാട്ടി ഫെബ്രുവരി ഏഴിന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. യുവതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഓഡിയോ ക്ലിപ്പും ഹര്‍ജിക്കാരന്‍ ഹാജരാക്കി. കാര്യം ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനിടയിലാണ് സുപ്രധാനമായ പരാമര്‍ശം നടത്തുന്നത്.