16 March, 2025 09:14:47 AM


അമേരിക്കയിൽ ചുഴലിക്കാറ്റ്; 26 മരണം, രണ്ടിടത്ത് അടിയന്തരാവസ്ഥ



വാഷിങ്ടൺ: അമേരിക്കയിൽ നാലിടത്തായി വീശിയടിച്ച ചുഴലിക്കാറ്റിൽ മരണം 26 ആയതായി റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിസൗറി, അർക്കൻസാസ്, ടെക്സസ്, ഒക്‌ലഹാമ എന്നീ ന​ഗരങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മിസൗറി സംസ്ഥാനത്താണ് കാറ്റ് കനത്തനാശം വിതച്ചത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ മിസൗറിയിൽ മാത്രം 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി മിസ്സോറി സ്റ്റേറ്റ് ഹൈവേ പട്രോൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച കൻസാസിൽ പൊടിക്കാറ്റിനെ തുടർന്ന് 55-ലധികം വാഹനങ്ങൾ അപകടത്തിൽപ്പെട്ട് എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ യുഎസിൽ വിവിധ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു. രൂക്ഷമായ കാലാവസ്ഥയെ തുടർന്ന് അർക്കൻസാസ്, ജോർജിയ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചി‌ട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അർക്കൻസാസ് ഗവർണർ സാറാ ഹക്കബി 2,50,000 ഡോളർ ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K