30 March, 2025 03:01:55 PM


മ്യാൻമർ ഭൂചലനം: മരണം 1644 ആയി; മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്



ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ മ്യാന്‍മാറിന് സഹായമെത്തിച്ചു . ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്. മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പര്‍ക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925