24 March, 2025 09:49:23 AM


ഗാസയിലെ നാസേർ ആശുപത്രിയിൽ ഇസ്രയേൽ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു



റാഫ: ഗാസയിലെ നസേർ ആശുപത്രി തകർത്ത് ഹമാസ് നേതാവ് ഇസ്മെയിൽ ബാറോമിനെ വധിച്ച് ഇസ്രയേൽ. ഹമാസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്മെയിലിൻ്റെ വധം. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യവും വെളിപ്പെടുത്തി. ഇന്നലെ തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടിരുന്നു.

നസേർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആശുപത്രിയുടെ സർജിക്കൽ കെട്ടിടത്തിൽ തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും സ്ഥലത്ത് നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ചതായും ഇസ്രയേൽ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടത് ഹമാസ് നേതാവ് ഇസ്മെയിൽ ബാറോം ആണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രയേൽ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കൻ ഗാസയിൽ വീണ്ടും ഉപരോധമേർപ്പെടുത്തുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. പലസ്തീനികളോട് വടക്കൻ ഗാസ വിട്ട് പോകാൻ അറിയിച്ചില്ലെന്നും എന്നാൽ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935