19 March, 2025 09:36:35 AM
സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചിറങ്ങി

ഫ്‌ലോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു.
കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററില്‍ കൊണ്ടുപോകുക.
ഏറ്റവുമധികം സമയം ബഹിരാകാശ നടത്തത്തിലേർപ്പെട്ട വനിത എന്ന റെക്കോഡ് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു. എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർ ലൈനറിൽ കഴിഞ്ഞ ജൂൺ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. ബുച് വിൽമോർ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.