23 March, 2025 07:16:47 PM
മാര്‍പാപ്പ ആശുപത്രി വിട്ടു; വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്കു മടങ്ങുമെന്നും വത്തിക്കാന്‍ അറിയിച്ചു.
അതേസമയം മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു മാര്‍പാപ്പ കഴിഞ്ഞ മാസം 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു.
അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി മാര്‍പാപ്പ ഇന്ന് വിശ്വാസികള്‍ക്ക് മുന്നിലെത്തി. ജെമിലി ആശുപത്രിയിയിലെ പത്താം നിലയില്‍ ജനലരികില്‍ വീല്‍ ചെയറിലിരുന്നുകൊണ്ട് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വിജയസൂചകമായി അദ്ദേഹം വിശ്വാസികള്‍ക്ക് നേരെ പെരുവിരല്‍ ഉയര്‍ത്തിക്കാട്ടി. നൂറുകണക്കിന് വിശ്വാസികളാണ് ആശുപത്രി പരിസരത്ത് മാര്‍പാപ്പയെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്.
വളരെ സങ്കീര്‍ണമായ രോഗാവസ്ഥയെയാണ് 88 വയസുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ അതിജീവിച്ചത്. ശ്വസനനാളത്തില്‍ വലിയ അണുബാധയും ബാക്ടീരിയല്‍ അണുബാധയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്ലേറ്റ്ലെറ്റുകളുടെ കൗണ്ട് തീരെക്കുറവാണെന്നും വിളര്‍ച്ചയുണ്ടെന്നും ആശുപത്രിയിലെ ആദ്യ രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 28ന് മാര്‍പാപ്പയ്ക്ക് കഠിനമായ ചുമയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് ശ്വസിക്കാന്‍ സഹായിക്കുന്നതിന് ഒരു നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന്‍ മാസ്‌ക് ഉപയോഗിക്കേണ്ടി വന്നു. ചികിത്സയുടെ ഒരു ഘട്ടത്തില്‍പ്പോലും അദ്ദേഹത്തിന് ബോധക്ഷയമുണ്ടായിട്ടില്ലെന്നും ചികിത്സയോട് അങ്ങേയറ്റം മനശക്തിയോടെയാണ് അദ്ദേഹം സഹകരിച്ചിരുന്നതെന്നും ഡോക്ടേഴ്സ് വ്യക്തമാക്കി.