29 January, 2024 12:30:52 PM
കാമുകന്‍റെ നിരന്തര ഭീഷണി; കാസർകോട് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു
കാഞ്ഞങ്ങാട്: കാസർകോട് കാമുകന്‍റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ അൻവറിന്‍റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
അൻവറും ബദിയടുക്ക സ്വദേശിയായ പതിനാറുകാരിയും തമ്മിൽ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം എതിർപ്പ് ഉന്നയിച്ചതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. കഴിഞ്ഞ ദിവസം സ്കൂൾവിട്ടു വരുന്ന വഴി പെൺകുട്ടിയെ തടഞ്ഞുനിർത്തിയ അൻവർ, ബന്ധത്തിൽനിന്ന് പിൻമാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വീട്ടിലെത്തിയതിനു പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.