09 February, 2024 12:45:17 PM
പാക് തിരഞ്ഞെടുപ്പ്: എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാര്‍ട്ടി'; പിടിഐ മുന്നേറ്റം
ഇസ്ലാമാബാദ്: പാകിസ്താൻ പൊതു തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്‍രികെ ഇൻസാഫ് പാർട്ടിക്ക് (പിടിഐ) കുതിപ്പെന്ന് റിപ്പോർട്ട്. 184 സീറ്റുകളിലെ ഫലം വന്നപ്പോൾ 114 ഇടത്ത് പിടിഐ സ്വതന്ത്രരസ്ഥാനാർഥികൾക്ക് ലീഡ് നേടാനായെന്ന് പിടിഐ അവകാശപ്പെട്ടു. പാർട്ടി ചിഹ്നനമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാൻ്റെ പാർട്ടി മത്സരിക്കാനിറങ്ങിയത്. തിരഞ്ഞെടുപ്പിൻ്റെ വ്യക്തമായ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും.
വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ പോളിങ് വൈകുന്നേരം അഞ്ചുമണിവരെ തുടർന്നു. 12 കോടിയിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടെണ്ണൽ ആരംഭിക്കുകയായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾക്കകം പിടിഐ കുതിപ്പ് തുടരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നവാസ് ഷരീഫിൻ്റെ പാർട്ടിയും ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പിന്നിലാണെന്ന് പിടിഐ അവകാശപ്പെട്ടു.
ദേശീയ ആസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നത്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള അറുപത് സീറ്റും ന്യൂനപക്ഷങ്ങൾക്കായുള്ള പത്ത് സീറ്റും ജയിക്കുന്ന പാർട്ടികൾക്ക് വോട്ട് വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ ആനുപാതികമായി വീതിച്ച് നൽകും. വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച രാജ്യവ്യാപകമായി പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അക്രമസാഹചര്യങ്ങൾ മുന്നിൽ കണ്ട് പാകിസ്താനിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. രാജ്യത്തുടനീളമുള്ള മൊബൈൽ ഫോൺ സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിനിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ പാകിസ്താനിൽ 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ പാകിസ്താനിൽ നടന്ന 51 ഭീകരാക്രമണങ്ങളിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ദ ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു. വാഷ്ബൂദ് പഞ്ച്ഗൂരിലെ ഒരു പോളിങ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികക്ക് കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പോലീസിന് പുറമേ 6.5 ലക്ഷം സൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്തണത്തേത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പാക് സർക്കാർ 42 ബില്യൺ പാകിസ്താൻ രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. 2018ലെ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചതിനേക്കാൾ 26 ശതമാനം അധികമാണ് ഈ തുക.