02 March, 2024 12:34:47 PM


ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ യുഎസില്‍ വെടിയേറ്റ് മരിച്ചു



സെന്‍റ് ലൂയിസ്: അമേരിക്കയിലെ മിസോറി സംസ്ഥാനത്തിൽ നടക്കാനിറങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അമർനാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്. സെന്‍റ് ലൂയിസിൽ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നർത്തകൻ അമർനാഥ് ഘോഷിന് വെടിയേറ്റത്.

ഘോഷിന്‍റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് എക്സ് അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് അമർനാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്‌സ് പോസ്റ്റില്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്നും, ശത്രുക്കളായി ആരും ഉള്ളതായി അറിയില്ലെന്നും ദേവോലീന ഭട്ടാചാര്യ കുറിച്ചു.

'കൊലപാതകത്തിന്‍റെ കാരണം, കുറ്റവാളികള്‍ ആര് തുടങ്ങിയ വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ഘോഷിന്‍റെ കുറച്ച് സുഹൃത്തുക്കളൊഴികെ ആരും അതിനായി പോരാടാൻ അവൻ്റെ കുടുംബത്തിൽ അവശേഷിക്കുന്നില്ല. അവൻ കൊൽക്കത്തക്കാരനായിരുന്നു. മികച്ച നർത്തകന്‍, പിഎച്ച്ഡി പഠിക്കുകയായിരുന്നു. വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അജ്ഞാതൻ അവനെ ഒന്നിലധികം തവണ വെടിവച്ചത് ', ദേവോലീന പങ്കുവെച്ച എക്സ് പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഇടപെടലും ദേവോലീന ഭട്ടാചാര്യ എക്സ് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K