10 December, 2023 12:03:01 PM


കാട്ടാനയുടെ കൊമ്പുകളുമായി വയോധികൻ പിടിയിൽ; രണ്ടു പേര്‍ രക്ഷപ്പെട്ടു



അടിമാലി: കാട്ടാനയുടെ കൊമ്പുകളുമായി ആദിവാസി വയോധികനെ പിടികൂടി. രണ്ടു പേര്‍ രക്ഷപ്പെട്ടു. അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി കോളനിയില്‍ താമസിക്കുന്ന പുരുഷോത്തമനെ (64) ആണ് ദേവികുളം എ.സി.എഫ് ജോബ് ജെ.നേര്യാംപറമ്പിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നു രണ്ട് ആനക്കൊമ്പുകൾ പിടികൂടി.

ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ഉണ്ണി, ബാലൻ എന്നിവരാണ് വനപാലകരെ വെട്ടിച്ച്‌ കാട്ടിലേക്ക് രക്ഷപ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവരാണ് ആനക്കൊമ്ബുകള്‍ നല്‍കിയതെന്നാണ് പുരുഷോത്തമന്റെ മൊഴി. പുരുഷോത്തമന്റെ വീട്ടില്‍നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ഇവ പിടികൂടിയത്. ഏകദേശം ഒമ്ബത് കിലോതൂക്കം വരും. കൊമ്ബുകള്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 

ആവറുകുട്ടി വനത്തില്‍നിന്നു വേട്ടയാടിയ കാട്ടാനയുടെതാണ് കൊമ്ബുകളെന്നാണ് നിഗമനം. അതല്ല, ചരിഞ്ഞ കാട്ടാനയുടെ കൊമ്ബുകളാണോ ഇതെന്ന് രക്ഷപ്പെട്ടവരെ പിടികൂടിയാലേ വ്യക്തമാകു. റെയ്ഡില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോജി ജയിംസ്, ദേവികുളം റേഞ്ച് ഓഫിസര്‍ പി.വി. ബെജി, വിജിലൻസ് റേഞ്ച് ഓഫിസര്‍ ടി. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K