28 August, 2024 09:13:53 AM


120 ലിറ്റര്‍ കോടയുമായി കോണ്‍ഗ്രസ് നേതാവ് എക്‌സൈസ് പിടിയില്‍



മൂലമറ്റം: 120 ലിറ്റര്‍ കോടയുമായി കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റിനെ എക്‌സൈസ് പിടികൂടി. അറക്കുളം മണ്ഡലം മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന അഞ്ചാനിക്കല്‍ സാജു ജോര്‍ജിനെ (61)ആണ് അറസ്റ്റ് ചെയ്തത്. കാവുംപടിഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മുട്ടത്തെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാരായമുണ്ടാക്കി വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. അവിവാഹിതനായ സാജു തനിച്ചാണ് താമസിച്ചിരുന്നത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ഡ്രൈവര്‍മാരാണ് ചാരായമുണ്ടാക്കിയിരുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ എക്സൈസ് സംഘം എത്തിയ സമയം സാജു മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. മൂലമറ്റം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K