14 March, 2025 08:48:25 AM


കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ്; മൂന്ന് വിദ്യാർഥികൾ പിടിയിൽ



കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട. ഇന്നലെരാത്രി മുതൽ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ വരെ നീണ്ടു. ബോയ്സ് ഹോസ്റ്റലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നിലവിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേ‍ർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറുകളോളം നീണ്ടു.

പരിശോധനയിൽ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നി​ഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്. കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും, നാർക്കോട്ടിക് സെൽ വിഭാ​ഗത്തിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K