18 March, 2025 09:46:13 AM


അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ



ഇടുക്കി: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. 

തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇവർ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത് വഴി പ്രദീപ് ജോസ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.

വിജിലൻസിന്‍റെ നിർദേശ പ്രകാരം പ്രദീപ് ജോസുമായി എങ്ങനെയാണ് പണം നൽകേണ്ടത് എന്നതിനെ കുറിച്ച് ഫോണിൽ സംസാരിച്ചു. പ്രദീപ് ജോസിന്‍റെ സഹായിയും വണ്ടിപ്പെരിയാർ സ്വദേശിയുമായ ഓട്ടോ ഡ്രൈവർ റഷീദിന്‍റെ ഗൂഗിൾ പേ അക്കൌണ്ട് വഴി പണം കൈമാറണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത് പണം കൈമാറി. പിന്നാലെയാണ് വിജിലൻസ് എഎസ്ഐയെ അറസ്റ്റ് ചെയ്തത്. ഇന്ന് പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K