11 September, 2024 09:06:49 AM
കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ വെട്ടിക്കൊന്ന് അയൽവാസി
കൊച്ചി: കിണർ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകർഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയൽവാസി. സംഭവത്തിൽ എടയ്ക്കാട്ടുവയൽ സ്വദേശി പിവി രാജുവിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയൽ പള്ളിക്കനിരപ്പേൽ മനോജിന്റെ പശുക്കളെയാണ് പ്രതി ആക്രമിച്ചത്.
സംഭവ സമയം മനോജ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുനിതയും മക്കളും മാത്രം വീട്ടിലുണ്ടായിരുന്ന സമയം അതിക്രമിച്ച് കയറി കോടാലി കൊണ്ട് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിന്നു. ആക്രമിക്കപ്പെട്ട പശുക്കളിൽ നാല് മാസം ഗർഭിണിയായിരുന്ന പശുവാണ് ചത്തത്. ശബ്‌ദം കേട്ടെത്തിയ സുനിതയ്ക്ക് നേരെയും പ്രതി കോടാലി വീശി ഭീഷണിപ്പെടുത്തി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാൾ ആക്രമിച്ചു. വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പശുക്കളെ വെറ്റിനറി ഡോക്ടറും ജീവനക്കാരുമെത്തി ചികിത്സ നൽകി.
മനോജിന്റെ തൊഴുത്തിൽ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി അധികൃതർ നിർദേശിച്ച് നിബന്ധനകൾ പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പരിശോധന റിപ്പോർട്ട് മനോജിന് അനുകൂലമായി മെഡിക്കൽ സംഘം നൽകുകയും ചെയ്തിരുന്നു. അതേസമയം, ബയോഗ്യാസ് പ്ലാന്റുൾപ്പെടെ നിർമിച്ച് സുരക്ഷിതമായാണ് മനോജ് പശു വളർത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.