23 March, 2024 09:32:48 AM


മോസ്കോയിൽ ഭീകരാക്രമണം: 62 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്



മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര്‍ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്.


വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 


റഷ്യയിൽ ജാഗ്രതാ നിർദേശം നൽകി പരിശോധന ശക്തമാക്കിയിട്ടുണ്ട്. അക്രമണത്തെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടത്താനിരുന്ന പൊതുപരിപാടികൾ റഷ്യ റദ്ദാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K