27 March, 2024 12:51:10 PM


ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം; 6 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി കോസ്റ്റ് ഗാര്‍ഡ്



ബാള്‍ട്ടിമോര്‍: യു.എസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തിനടുത്തുള്ള പ്രധാന പാലമായ 'ഫ്രാന്‍സിസ് സ്‌കോട്ട് കീ' ചരക്കുകപ്പലിടിച്ചു തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍വീണ ആറു പേര്‍ മരിച്ചതായി നിഗമനം. ഇവര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് അവസാനിപ്പിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യന്‍ സമയം പകല്‍ 11) ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നും അവര്‍ സുരക്ഷിതരാണെന്നും നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് അറിയിച്ചു.ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. 2.75 കിലോമീറ്റര്‍ നീളമുള്ള പാലം ബാള്‍ട്ടിമോര്‍ തുറമുഖത്തേക്ക് റോഡുമാര്‍ഗമുള്ള കവാടമാണ്. ചെസപീക് ബേയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഈ നാലുവരി പാലത്തിലൂടെ വര്‍ഷം 1.13 കോടി വാഹനങ്ങള്‍ കടന്നുപോകാറുണ്ട്.

വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനമെന്ന് തിരച്ചില്‍ അവസാനിപ്പിക്കുന്നകാര്യം പ്രഖ്യാപിച്ചുകൊണ്ട് മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞു. ആറുപേരെയും കണ്ടെത്തുന്നതിനായി സാധ്യമായ വഴികളെല്ലാം ഉപയോഗിച്ചതായും അദ്ദേഹം അറിയിച്ചു.പാലം ഉടന്‍ പണിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, വേഗത്തില്‍ പാലം സാധാരണ നിലയിലേക്കെത്തിക്കുന്നത് എളുപ്പമായിരിക്കില്ലെന്ന് യു.എസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിജിജ് വ്യക്തമാക്കി. ഇതൊരു സാധാരണ പാലമല്ല. പാലം പഴയ രീതിയിലാക്കുന്നത് എളുപ്പമാകില്ല. പദ്ധതി ചിലവേറിയതും സമയമെടുക്കുന്നതുമാണ്. അതേസമയം, ഇക്കാര്യത്തിനായി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K