28 March, 2024 10:18:48 AM


ബാൾട്ടിമോർ അപകടം; രണ്ട് മൃതദേഹങ്ങൾ ട്രക്കിൽ കുടുങ്ങിയ നിലയില്‍ കണ്ടെത്തി



ന്യൂയോർക്ക്: ചരക്കുകപ്പൽ ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെർണാണ്ടസ് ഫ്യൂൻ്റസ്, ഡോർലിയൻ റൊണിയൽ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുങ്ങിയ ട്രക്കിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നുവെന്നും വെസ് മൂർ കൂട്ടിച്ചേർത്തു. കപ്പലിന്റെ ഡാറ്റാ റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.

കാണാതായ ആറ് പേരും മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും സുരക്ഷിതരാണെന്നും കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചിരുന്നു. കപ്പലിൽ വൈദ്യുതി ബന്ധം നഷ്ടമായെന്നും അലേർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്ന് കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പൽ ഇടിച്ചു കയറുകയായിരുന്നു. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്ന് നദിയിലേക്കു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K