05 April, 2024 12:17:32 PM


അബുദാബി ലുലുമാളിൽ നിന്ന് ഒന്നര കോടി തട്ടി, മുങ്ങി; മലയാളി ജീവനക്കാരൻ പിടിയിൽ



അബുദാബി: അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം)  അപഹരിച്ച് മുങ്ങിയ ജീവനക്കാരനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയപുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. 

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്  ക്യാഷ് ഓഫിസ് ഇൻ ചാർജായിരുന്ന നിയാസ്. ജോലി ചെയ്തു വരെവെയാണ് ഇയാൾ ആറ് ലക്ഷം ദിർഹം  അപഹരിച്ച് മുങ്ങിയത്. ഉടൻ തന്നെ ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകി. തുടർന്ന് എത്രയും വേ​ഗത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ജോലിക്ക് വന്നില്ല, സഹപ്രവർത്തകരും ലുലു അധികൃതരും ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫുമായിരുന്നു. തുടർന്ന് കൗണ്ടറിൽ നടത്തിയ പരിശോധനയിൽ ആറ് ലക്ഷം ദിർഹത്തിന്റെ കുറവ് കണ്ടെത്തി. 

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയായിരുന്നു സൂക്ഷിച്ചത്. അതുകൊണ്ട്  നിയാസ്  യുഎഇയിൽ നിന്ന് പോകാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റെക്കോർഡ് വേ​ഗത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയിൽ കുടുംബത്തോടൊപ്പമാണ് താമസം. 

എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും അബുദാബിയിൽ നിയാസിന് ഒപ്പമാണ് താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.  പ്രതിയെ വേ​ഗത്തിൽ അറസ്റ്റ് ചെയ്ത അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K