15 April, 2024 10:11:01 AM


ഒമാനിൽ കനത്ത മഴ: കൊല്ലം സ്വദേശി ഉൾപ്പെടെ 12 പേർ മരിച്ചു



മസ്ക്കറ്റ്: കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ മലയാളി ഉൾപ്പടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് ദുരന്തത്തിൽ മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സുനിലിന്റെ വര്‍ക്ക്‌ഷോപ്പിന്റെ മതില്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടവരില്‍ കുട്ടികളും പ്രവാസിയും ഉള്‍പ്പെടുന്നു. ഒമാനിൽ ബുധനാഴ്ച വരെ മഴ തുടരുമെന്നും ആളുകൾ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒഴുക്കില്‍പെട്ട് കാണാതായ എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ നാല് പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആൻ്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അതേസമയം, നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി പൊലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്. സ്‌കൂള്‍ ബസ് ഉൾപ്പെടെ ഇവര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ കുടുങ്ങിയാണ് അപകടങ്ങള്‍ സംഭവിച്ചത്. സമദ് അല്‍ ശാനില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഒമാനിലെ നാല്​ ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മസ്‌കറ്റ്, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ്​ അവധി നൽകിയത്​. ക്ലാസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

ന്യൂനമർദത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ തുടരുന്നത്​. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്​. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുയാണെന്ന്​ അധികൃതർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K