21 April, 2024 04:14:38 PM


ജപ്പാനില്‍ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം, ഏഴ് പേരെ കാണാതായി



ടോക്കിയോ: സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജപ്പാനില്‍ ഒരു മരണം. ഏഴ് പേരെ കാണാതായി. ജപ്പാനിലെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ (എസ്ഡിഎഫ്) വക്താവാണ് സംഭവം സ്ഥിരീകരിച്ചത്. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങള്‍ കടലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ടോറിഷിമ ദ്വീപിന് സമീപം രാത്രി 10:38 ന് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി. ഒരു മിനിറ്റിനു ശേഷം ഈ ഹെലികോപ്റ്ററില്‍ നിന്ന് അടിയന്തര സിഗ്‌നല്‍ ലഭിച്ചു.

ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെടുകയായിരുന്നു. രണ്ട് ഹെലികോപ്റ്ററുകളും തകര്‍ന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

ഹെലികോപ്റ്ററുകള്‍ അന്തര്‍വാഹിനികളെ നേരിടാനുള്ള പരിശീലനം രാത്രിയില്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായത്. ഫ്‌ലൈറ്റ് റെക്കോര്‍ഡറുകള്‍ വീണ്ടെടുത്തതായും ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും മിനോരു കിഹാര കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K