18 December, 2023 12:49:53 PM


ഗവർണർ കേരളത്തിന്‍റെ ക്രമസമാധാനം തകർക്കുന്നു- മുഖ്യമന്ത്രി



കൊല്ലം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലെ പ്രതിഷേധിക്കുന്നവർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് മറ്റെന്തോ ഉദ്യോശ്യമുണ്ട്. കേന്ദ്രത്തിന്റെ പ്രതിനിധികളുമായി ആലോചിച്ചാണ് ഗവർണർ കാര്യങ്ങൾ ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന ബന്ധം വഷളാകണ്ടെങ്കിൽ തിരുത്തിക്കാൻ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഉന്നത സ്ഥാനത്തിരിക്കുന്ന ഗവർണരുടെ പദപ്രയോഗം പദവിക്ക് യോജിച്ചതല്ല. കേന്ദ്ര ഗവൺമെന്റ് തന്നെ കാര്യങ്ങൾ പരിശോധിക്കണം. ​ഗവർണറുടെ പ്രവർത്തികൾ കേന്ദ്രത്തെ അറിയിക്കും. കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ് ​ഗവർണറുള്ളത്. ഇതു പോലുള്ള ആളുകളെ ആർക്കും സഹിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കു നേരെ അദ്ദേഹം ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ എന്തൊക്കെയാണ്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന് പറഞ്ഞ് ഒരു നാടിനെ തന്നെ ആക്ഷേപിക്കുന്ന തരത്തിലേക്ക് എത്തി.‌

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ സൂചകമായി കെട്ടിയ ബാനർ അഴിപ്പിച്ചിരുന്നു. ബാനർ അഴിച്ചുമാറ്റാത്തതിൽ പൊലീസിനോട് ക്ഷുഭിതനായ ​ഗവർണർ പൊലീസിനെക്കൊണ്ട് നിർ‌ബന്ധിച്ച് ബാനർ അഴിപ്പിക്കുകയായിരുന്നു. ​ഗവർണർ ​ഗോ ബാക്ക് അടക്കമുള്ള ബാനറുകളാണ് ​അഴിപ്പിച്ചത്. എന്നാൽ ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ കൂടുതൽ ബാനറുകൾ കെട്ടി. റോഡിൽ എഴുതിയും ​ഗവർണറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K