09 September, 2024 09:27:32 AM
തിരുവനന്തപുരം നഗരത്തിൽ ജലവിതരണം പുനഃരാരംഭിച്ചു
തിരുവനന്തപുരം: നാലുദിവസത്തെ ജലക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം എന്നീ സ്ഥലങ്ങളില്‍ വെള്ളം എത്തി. ഇന്ന് പുലർച്ചയോടെയാണ് വെള്ളം എത്തിയത്. താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം എത്തിത്തുടങ്ങിയത്. വെെകിട്ടോടെ ഉയർന്ന മേഖലകളിലേക്കും വെള്ളം എത്തും.
പൈപ്പ് ലൈന്‍ നിർമാണം പൂർത്തിയായെന്നും നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നും മന്ത്രി റോഷി അഗസ്റ്റിനും മേയർ ആര്യ രാജേന്ദ്രനും അറിയിച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് ജലപ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.
48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് പ്രതിസന്ധിയിക്ക് കാരണമായത്. വാല്‍വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു ഒരേ ഒരുവഴി. എന്നാൽ ഇതിന് ചാര്‍ജ് ചെയ്തപ്പോള്‍ പൈപ്പില്‍ നിറഞ്ഞിരുന്ന വെള്ളം മുഴുവന്‍ മാറ്റേണ്ടിയിരുന്നു. കഴിഞ്ഞ നാലുദിവസമായി തിരുവനന്തപുരത്തെ 44 വാർഡുകളിലാണ് ജല വിതരണം മുടങ്ങിയിരുന്നത്.