25 March, 2025 07:39:24 PM
ഡ്രൈവർക്ക് ബിപി കൂടി, നെടുമങ്ങാട് ബസ് പോസ്റ്റും ടൂവീലറുകളും തകർത്ത് വിശ്രമ കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി

തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. 4 ടൂവീലറുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്നും വിതുര ഭാഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിന് സമീപത്തായിട്ടാണ് ടൂവീലറുകൾ പാർക്ക് ചെയ്തിരുന്നത്.
പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർ പോസ്റ്റിന് സമീപം ബൈക്ക് നിർത്തി കടയിൽ വെള്ളം കുടിക്കാൻ കയറിയ സമയത്താണ് അപകടം. വലിയ അപകടമാണ് ഒഴിവായത്. നിലവിൽ അപകടത്തിൽ ആർക്കും പരിക്കില്ല.