03 April, 2025 07:48:06 PM
മോതിരങ്ങള്‍ക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടിയ യുവാവിന് അഗ്നിരക്ഷാസേന രക്ഷകരായി

തിരുവനന്തപുരം: ഇടത് കൈവിരലിലെ മോതിരങ്ങള്‍ക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടിയ യുവാവിന് അഗ്നിരക്ഷാസേന രക്ഷകരായി. കൊല്ലം സ്വദേശി രതീഷ് കുമാറിന്റെ കൈവിരലുകളിലെ സ്റ്റീൽ മോതിരങ്ങളുടെയും സ്റ്റീൽ സ്പ്രിങ് മോഡൽ മോതിരങ്ങളുടെയും മുകളിലൂടെയാണ് മാംസം വളർന്നത്. വർഷങ്ങളായി ഇയാൾ മോതിരങ്ങൾ ഉപയോഗിച്ച് വരികയായിരുന്നു.
ഇതിനിടെ മോതിരം പലപ്പോഴായി ഊരിമാറ്റാൽ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും വിരലുകൾ മറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി. ആവസാന ശ്രമമെന്ന നിലയിൽ മെഡിക്കൽ കോളേജ് അധികൃതർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിൽ നിന്നുവന്ന സേനാഗംങ്ങൾ വിരൽ മുറിക്കാതെ തന്നെ മോതിരം ഊരിയെടുത്ത് നൽകാമെന്ന് ഡോക്ടർമാർക്ക് ഉറപ്പ് നൽകി. യുവാവിന് അനസ്തേഷ്യ നൽകി ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ആറ് വളയങ്ങളുള്ള സ്റ്റീൽ സ്പ്രിംഗ് മോതിരവും മറ്റൊരു മോതിരവും അറുത്തുമാറ്റുകയായിരുന്നു. തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിലെ എഫ്.ആർ.ഒ ഷഹീർ, വിഷ്ണുനാരായൺ, അനീഷ് ജി.കെ, ശ്രീജിത്ത്, എഫ്.ആർ.ഒ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.