22 March, 2025 07:54:16 PM


കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി



കൊല്ലം: കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. രഞ്ജിത്തിന്‍റെ അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത സാമ്പത്തിക ബാധ്യത തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ആദ്യം അമിതമായി ഉറക്ക ഗുളിക കഴിച്ചു. ഇതിനുശേഷം ഷാൾ  ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. അമ്മ ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്നലെ രാത്രിയാണ് ഇരുവരും ആത്മഹത്യയ്ക്കൊരുങ്ങിയത്.

ഇന്ന് കെഎസ്ഇബി ജീവനക്കാരനെത്തി ബിൽ അടയ്ക്കാനുള്ള കാര്യം പറയാനെത്തിയപ്പോള്‍ വീട്ടിൽ നിന്ന് വെള്ളം ആവശ്യപ്പെട്ടുള്ള ഞെരക്കം കേട്ടാണ് സംഭവം പുറത്തറിയുന്നത്. സുജാതയുടെ ശബ്ദം കേട്ട് അകത്ത് ചെന്ന് നോക്കിയപ്പോഴാണ് രഞ്ജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ താൻ തന്നെയാണ് പറഞ്ഞതെന്നാണ് ആശുപത്രിയിൽ ചികിത്സയിലുള്ള സുജാതയുടെ മൊഴി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K