28 March, 2025 11:38:49 AM
മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയത് തടയാനെത്തി; പൂജപ്പുരയിൽ എസ്ഐക്ക് ഗുണ്ടാ നേതാവിന്‍റെ കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റു. എസ്ഐ സുധീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ ആക്രമിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. പാങ്ങോട് മിലിറ്ററി ക്യാമ്പിന് സമീപത്ത് വിജയമൌലി മില്ലിനടുത്താണ് ഈ സംഭവം നടക്കുന്നത്.
കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ കുത്തി പരിക്കേൽപ്പിച്ചത്. ഇയാൾ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി നാട്ടുകാർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നതിനാണ് എസ്ഐ സുധീഷും സംഘവും സ്ഥലത്തെത്തിയത്. ഇയാൾ പൊലീസിനെ കണ്ടതോടെ അക്രമിക്കുകയായിരുന്നു.
എസ്ഐയുടെ വയറിലേക്ക് ഉന്നം വെച്ച് കുത്താനായിരുന്നു ശ്രീജിത്ത് ശ്രമിച്ചത്. എന്നാൽ ഇത് തടയാൻ ശ്രമിച്ച എസ്ഐയുടെ കൈയ്ക്ക് കുത്തേൽക്കുകയായിരുന്നു. നിലവിൽ ഒൻപത് സ്റ്റിച്ചുകളുമായി ആശുപത്രിയിൽ ചികിത്സയിലാണ് എസ്ഐ. അക്രമ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. നിലവിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.