01 April, 2025 10:16:57 AM


കാട്ടാക്കടയിൽ മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്ത് വീണ് അഞ്ചു വയസ്സുകാരന് പരിക്ക്



തിരുവനന്തപുരം: കാട്ടാക്കടയിൽ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്ക്. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. കാറിൽ ബാറിന് പുറത്ത് നിന്നവരും കാറിൽ ഉണ്ടായിരുന്ന ഒരു വിഭാ​ഗവും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയായിരുന്നു ബാറിൽ നിന്നിറങ്ങിയവർ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്.

ഈ സമയത്ത് ഇതുവഴിക്കു വരികയായിരുന്ന അഞ്ചുവയസ്സുകാരനായ കുഞ്ഞിനും പിതാവിനുമാണ് പരിക്കേറ്റത്. ബിയർ കുപ്പിയുടെ ചില്ലുകൾ കുഞ്ഞിന്റെ നെഞ്ചിലും കാലിലും പതിച്ചു. ഉടൻ തന്നെ കാട്ടക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാട്ടാക്കട പൊലീസ് അക്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932