12 March, 2025 11:52:06 AM


നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ കൊമ്പ് വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ  മരക്കൊമ്പ് വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. നെല്ലിമൂട് സ്വദേശി വിക്രമൻ എന്ന റെക്സ് (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് തിരുവനന്തപുരം മഞ്ചവിളാകത്തിനു സമീപം കൂട്ടുവിളാകത്തായിരുന്നു സംഭവം. ചരുവിളാകത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം മുറിച്ച് നീക്കാൻ മരകച്ചവടക്കാരൻ വിളിച്ച് കൊണ്ടുവന്നതായിരുന്നു മരംമുറി തൊഴിലാളിയായ വിക്രമനെ. മരത്തിൽ കയറിയ ശേഷം സേഫ്റ്റി ബെൽറ്റ് ധരിച്ച് മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വിക്രമന്റെ പുറത്തേക്ക് വന്നടിക്കുകയായിരുന്നു. മരത്തിന് അടിപ്പെട്ട് മരിച്ച വിക്രമൻ സേഫ്‌റ്റി ബെൽറ്റ് ഇട്ടിരുന്നതിനാൽർ, ബെൽറ്റിനുള്ളിൽ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. പിന്നീട് നെയ്യാറ്റിൻകര അഗ്നിശമന സേന എത്തി നിലത്തിറക്കിയ മൃതദേഹം പിന്നീട് നെയ്യാറ്റിൻകര സർക്കാർ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K