16 March, 2025 01:53:28 PM
കൂട്ടുകാരെ ബൈക്കിൽ കയറ്റിയില്ല, യുവാവിനെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച 19 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സുഹൃത്തുക്കളെ ബൈക്കിൽ കയറ്റാഞ്ഞ യുവാവിനെ കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിച്ച 19 കാരൻ അറസ്റ്റിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെ(19) ആണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. വണ്ടിത്തടം സ്വദേശി അഭിക്കാണ് കത്രികകൊണ്ടുള്ള ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. കഴിഞ്ഞ 13-ന് രാത്രി 8.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിനായി അനന്തുവും പെൺസുഹൃത്തും രണ്ട് യുവാക്കളുമായി നടന്നുവരികയായിരുന്നു. ഈ സമയത്ത് എതിരെ ബൈക്കിൽവന്ന അഭിയോട് യുവാക്കളെ ബൈക്കിൽ കയറ്റണമെന്ന് അനന്തു ആവശ്യപ്പെട്ടു. എന്നാൽ അഭി ബൈക്കിൽ കയറ്റാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് തിരുവല്ലം എസ്എച്ച്ഒ ജെ. പ്രദീപ് പറഞ്ഞു. എസ്ഐ തോമസ് ഹീറ്റസ്, സിപിഒ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.