10 September, 2024 08:20:39 PM


പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍



കൊല്ലം: കൊല്ലം കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സതീഷിന്‍റെ ഭാര്യ സായൂജ്യയെ രണ്ടാം പ്രതി സുജിതയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സതീഷും സുജിതയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. സതീഷിന്‍റെ ഭാര്യ സായൂജ്യയെ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ രണ്ടാം പ്രതി സജിത തന്‍റെ കുമ്മിളിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ സായൂജ്യയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സജിത്തും സുജിതയും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. നിലത്തിട്ട് ചവിട്ടിയ ശേഷം കത്തി ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. സംഭവ ശേഷം പ്രതികള്‍ ഒളിവില്‍ പോയി. രണ്ടാം പ്രതി സുജിതയാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തെങ്കിലും നിലവില്‍ ജാമ്യത്തിലാണ്.

ഒളിവില്‍ കഴിഞ്ഞിരുന്ന സതീഷിനെ കടയ്ക്കല്‍ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി കീഴടങ്ങുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് സതീഷെന്ന് കടയ്ക്കൽ പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K