19 September, 2024 08:50:09 AM


പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതറിയാതെ സ്വിച്ചിട്ടു; തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു



കൊല്ലം: ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍ രത്‌നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഇവര്‍ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോള്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. തീ ദേഹത്ത് ആളിപ്പടര്‍ന്ന് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

അടുക്കളയില്‍നിന്ന് ഹാളിലേക്ക് നിലവിളിച്ചുകൊണ്ടോടിയ രത്‌നമ്മ ഉടന്‍ കുഴഞ്ഞുവീണു. സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ ഓടിയെത്തിയ കൊച്ചുമക്കള്‍ ചേര്‍ന്ന് രത്‌നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തി.

ഉടന്‍തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K