12 September, 2024 09:35:36 AM


കേരള സര്‍വ്വകലാശാല സെനറ്റ് ഹാളിലെ സംഘര്‍ഷം; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്



തിരുവനന്തപുരം: കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ സെനറ്റ് ഹാളിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പത്ത് പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സര്‍വ്വകലാശാല ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ വിരോധത്തില്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ പിഎയെയും മറ്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ച് മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കെഎസ്‌യു പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, മര്‍ദ്ദിച്ചു, ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

സെനറ്റ് ഹാളിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം രൂക്ഷമായതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെഎസ്‌യു ശ്രമിച്ചെന്ന എസ്എഫ്‌ഐ ആരോപണത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

15 ബാലറ്റുകള്‍ കാണാനില്ലെന്നാണ് എസ്എഫ്ഐ അവകാശപ്പെടുന്നത്. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അറിഞ്ഞുകൊണ്ടാണ് ഈ നീക്കമെന്നും വോട്ടെടുപ്പ് നിര്‍ത്തിവെക്കാനായാണ് കെഎസ്‌യു സംഘര്‍ഷം ഉണ്ടാക്കിയതെന്നും സ്എഫ്ഐ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935