14 September, 2024 01:19:56 PM
കെ.എസ്.ഇ.ബി.യുടെ കേബിൾ മോഷ്ടിക്കാന്‍ ശ്രമം: വലിയ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കൊട്ടിയം: മോഷ്ടാക്കളുടെ അതിസാഹസിക ശ്രമം കാരണം ഉത്രാടത്തലേന്ന് പലഭാഗങ്ങളിലും വൈദ്യുതിവിതരണം ഏറെേനരം തടസ്സപ്പെട്ടു. കൊട്ടിയത്താണ് സംഭവം. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു മോഷ്ട്ടാക്കളുടെ പ്രവർത്തനം. ദേശീയപാതയിൽ കൊട്ടിയം പട്ടരുമുക്കിനു സമീപം മുസ്‌ലിം ജമാഅത്ത് പള്ളിക്കടുത്തുനിന്നാണ് ഭൂമിക്കടിയിലൂടെയുള്ള കെ.എസ്.ഇ.ബി.യുടെ 11 കെ.വി. യു.ജി.കേബിൾ മോഷ്ടിക്കാനുള്ള ശ്രമം നടന്നത്.
കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതിബന്ധം ഡ്രിപ്പായതിനാൽ വലിയദുരന്തമാണ് ഒഴിവായത്. അപ്രതീക്ഷിതമായി വൈദ്യുതിവിതരണം നിലച്ചതോടെ വൈദ്യുതി ബോർഡ് ജീവനക്കാർ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കേബിൾ മുറിച്ചനിലയിൽ കണ്ടത്. തുടർന്ന് മണിക്കൂറുകളോളം ഉള്ള പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായത്. വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമായി. വൈദ്യുതിവിതരണം തടസ്സപ്പെട്ടതോടെ മൂവായിരത്തോളം ഉപഭോക്താക്കളാണ് വലഞ്ഞത്. ഓണത്തിരക്കിനിടെ വൈദ്യുതിവിതരണം നിലച്ചത് വ്യാപാരികളെയും കഷ്ടത്തിലാക്കി. നിരവധി സ്ഥാപനങ്ങളിലെ ഓണാഘോഷപരിപാടികൾ പ്രതിസന്ധിയിലായി.
വൈദ്യുതി പ്രവഹിച്ചിരുന്ന കേബിൾ മുറിക്കാൻ ശ്രമിച്ചത് വലിയ അപകടങ്ങൾക്കു കാരണമാകുമായിരുന്നെന്ന് ജീവനക്കാർ പറയുകയുണ്ടായി. സ്ഥലത്തുനിന്നും ഹാക്സോ ബ്ലേഡുകളും ലൈറ്ററും കമ്പികളുംലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കെ.എസ്.ഇ.ബി. അധികൃതർ കൊട്ടിയം പോലീസിൽ പരാതി നൽകി.ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കുന്നതിന് കുഴിയെടുത്തതിനാൽ കേബിളിന്റെ പലഭാഗങ്ങളും പുറത്തുകാണാവുന്ന നിലയിലാണ്.